This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അരിശി(ചി)ല്‍ കീഴാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അരിശി(ചി)ല്‍ കീഴാര്‍

തമിഴ് സംഘകവി. പുറനാനൂറില്‍ 146, 230, 281, 285, 300, 304, 342 എന്നീ ഗാനങ്ങള്‍ ഈ കവിയാണു രചിച്ചത്. വൈയാവിക്കോപ്പെരും പേകന്‍ എന്ന യുദ്ധവീരന്‍ ധര്‍മപത്നിയായ കണ്ണകിയെ വെടിഞ്ഞു പാര്‍ക്കുന്ന വിവരമറിഞ്ഞ് കവി അദ്ദേഹത്തെ സമീപിച്ചു വാഴ്ത്തി. സന്തുഷ്ടനായ പേകന്‍ കവിക്കു സമുചിതമായ സമ്മാനം നല്കി. അപ്പോള്‍ പാടിയ പാട്ടിന്റെ സാരമിതാണ്.

'യുദ്ധവീരനായ പേകാ, അങ്ങ് എനിക്ക് തന്ന സമ്പത്തും ഭൂഷണവും അങ്ങേക്കു തന്നെയിരിക്കട്ടെ. എന്റെ പാട്ടുകൊണ്ടു സന്തോഷിച്ചു പാരിതോഷികം തരികയാണെങ്കില്‍ അത് ഇങ്ങനെ വേണം; അവിടന്ന് അനുഗ്രഹിക്കാത്തതുകൊണ്ടു സങ്കടപ്പെടുന്ന ദേവിയുടെ മുടിയില്‍ സുഗന്ധധൂമമേല്പിച്ച് പൂ ചൂടാനായിച്ചെല്ലാന്‍ ഇപ്പോള്‍ ത്തന്നെ അങ്ങയുടെ തേരു തയ്യാറാക്കണം. ഇതു മാത്രമാണ് ഞാന്‍ ആഗ്രഹിക്കുന്ന സമ്മാനം'.

തകതൂര്‍ എറിന്ത പെരുഞ്ചേരല്‍ ഇരുമ്പൊറൈയെപ്പറ്റി പാടി നേടിയ രാജ്യം അദ്ദേഹത്തിനുതന്നെ മടക്കിക്കൊടുത്തു സംതൃപ്തനായ കവിയാണ് അരിശില്‍ കീഴാര്‍.

അതിയമാന്‍ തകടൂരില്‍ പൊരുതിവീണ എഴിനിയെപ്പറ്റി ഈ കവി പാടിയ ഗാനം അത്യന്തം രസാവഹമാണ്. അതിന്റെ സാരം താഴെ ചേര്‍ക്കുന്നു.

'സദ്ഭരണംകൊണ്ടു വിശ്രുതനായ എഴിനി യുദ്ധത്തില്‍ മരിച്ചുവീണു. അദ്ദേഹംനിമിത്തം അനേകായിരം ഉയിരുകളെ പോര്‍ക്കളത്തില്‍വച്ച് അല്ലയോ യമ, അങ്ങയ്ക്കു ഭക്ഷിക്കാമായിരുന്നു. എഴിനിയുടെ പ്രാണനെക്കവര്‍ന്നതുനിമിത്തം കൂടുതല്‍ നഷ്ടം നേരിട്ടിരിക്കുന്നത് അങ്ങയ്ക്കുതന്നെയാണ്. അങ്ങയുടെ ഈ പ്രവൃത്തി ബുദ്ധിശൂന്യമായിപ്പോയി'.

രാജാവിനുവേണ്ടി നല്ലപോലെ പോരാടി മുറിവേറ്റ ഒരു യോദ്ധാവ് ശയ്യാവലംബിയായി തന്റെ ഭവനത്തില്‍ കഴിയുകയായിരുന്നു. വീട്ടിലുള്ള സ്ത്രീകള്‍ അദ്ദേഹത്തെ വേണ്ട വിധം ശുശ്രൂഷിച്ചുകൊണ്ടിരുന്നു. അരിശില്‍ കീഴാര്‍ ആ യോദ്ധാവിനെ കാണാനായി അവിടെച്ചെന്നു. അപ്പോള്‍ ആ വീരന്റെ പത്നി തോഴിമാരോട് ഇപ്രകാരം പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. (അവരുടെ മനോനൈര്‍മല്യം വിശദമാക്കുന്ന ആ ഭാഷണത്തെ അദ്ദേഹം കവിതയാക്കി. അതിന്റെ സാരം): ഇരവ ഇലയും വേപ്പിലയും വീട്ടിറമ്പത്ത് നമുക്ക് ചെരുകാം. പല പാട്ടുകളും യാഴ് കൊട്ടി പാടാം. സാവധാനത്തില്‍ നെയ് തടവി വെണ്‍ചെറു കടുകു തൂവാം. വീടു മുഴുവന്‍ അകില്‍പ്പുക പരത്താം. സ്നേഹം നിറഞ്ഞ തോഴി, രാജാവിനു വരാനിരുന്ന വലിയ വിപത്തിനെ താനേ ഏറ്റെടുത്ത ആളാണദ്ദേഹം. വലിയ മുറിവേറ്റ ആ നാഥനെ ശുശ്രൂഷിക്കാം'.


ഇങ്ങനെ പൗരുഷോദ്ദീപകങ്ങളായ വീരഗാനങ്ങള്‍ പലതും രചിച്ച കവിയുടെ കാലദേശങ്ങളെപ്പറ്റി വ്യക്തമായ രേഖകളൊന്നുമില്ല.

(വി.ആര്‍. പരമേശ്വരന്‍ പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍